കൊച്ചി: വിദ്വേഷപ്രസംഗക്കേസിൽ അറസ്റ്റിലായ ജനപക്ഷം നേതാവ് പിസി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന് പാലാരിവട്ടം പൊലീസ് എടുത്ത കേസിൽ ജോർജിനു ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി.
ജോർജിനു ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് ഹൈക്കോടതി നടപടി. സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്നും അന്വേഷണത്തോടു പൂർണമായും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ജാമ്യത്തിനായി ഏതു വ്യവസ്ഥയും അംഗീകരിക്കാമെന്ന് ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പിസി ജോർജ് പാഠം പഠിച്ചു. ഇനി കുറ്റകൃത്യം ആവർത്തിക്കില്ലെന്ന് ജോർജിന്റെ അഭിഭാഷകൻ കോടതിൽ പറഞ്ഞു. ഇത് എതിർത്ത പ്രോസിക്യൂഷൻ ജോർജിനെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗം സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതം കണക്കിലെടുക്കണം. പാലാരിവട്ടം കേസിൽ മുൻകൂർജാമ്യം നൽകി ജോർജിനെ ബഹുമാനിക്കരുതെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു ജാമ്യം നൽകിയാൽ മതസ്പർധ നടത്തുന്ന പ്രസംഗം നടത്തില്ലെന്നും ഉറപ്പുവരുത്തണമെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.
















