ശ്രീനഗർ: നടി അമ്രീൻ ഭട്ടിനെ വധിച്ച കൊലപാതകികളെ സൈന്യം വെടിവെച്ചു കൊന്നു. രണ്ട് ലഷ്‌കർ ഇ തയ്ബ ഭീകരരെയാണ് സൈന്യം വകവരുത്തിയത്.
കശ്മീരിലെ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഇവരെ വധിച്ചത്.
ശ്രീനഗറിൽ ഒരു ലഷ്‌കർ ഭീകരനെയും വധിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ 10 ഭീകരരെ വധിച്ചതായി കശ്മീർ പൊലീസ് അറിയിച്ചു. ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.
ഇന്നലെയാണ് ജമ്മു കശ്മീരിലെ ടെലിവിഷൻ നടിയും അവതാരകയുമായ അമ്രീൻ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയത്. ബുദ്ഗാമിലെ വീടിന് വെളിയിൽ വെച്ചായിരുന്നു ആക്രമണം.
ഷൂട്ടിന് എന്ന് പറഞ്ഞാണ് ഭീകരർ രാത്രി വീട്ടിൽ എത്തിയത്. അമ്രീൻ വീടിന് വെളിയിലേക്ക് ഇറങ്ങിയ സമയത്ത് ഭീകരർ നിറയൊഴിക്കുകയായിരുന്നു.
ആക്രമണത്തിൽ അമ്രീൻ ഭട്ടിന്റെ പത്തുവയസ്സുള്ള അനന്തരവനും പരിക്കേറ്റു.
















