പണം തട്ടാനുള്ള ലക്ഷ്യത്തോടെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം, കയ്യിൽ പണമില്ലെന്ന് കണ്ടതോടെ മൊബൈൽ ആപ്പ് വഴി ലോൺ എടുപ്പിച്ച് പണം തട്ടി. ബുധനാഴ്ച ചെന്നൈയിലെ പള്ളിക്കരണൈ പ്രദേശത്താണ് ഈ വ്യത്യസ്തമായ തട്ടിപ്പ് നടന്നത്. അജയ് (21) എന്ന യുവാവാണ് തട്ടിപ്പിനിരയായത്.
നാലുപേർ അടങ്ങിയ കവർച്ചാസംഘം അജയിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നു. എന്നാൽ കയ്യിൽ പണമില്ലെന്ന് കണ്ടതോടെ, യുവാവിന്റെ ഫോണിലെ ലോൺ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കാൻ സംഘം നിർബന്ധിച്ചു.
9,500 രൂപ വായ്പയായി ലഭിച്ചയുടൻ, ഈ പണം അടുത്തുള്ള എടിഎമ്മിൽനിന്ന് പിൻവലിപ്പിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. യുവാവിന്റെ ഫോണും പ്രതികൾ കവർച്ച ചെയ്തിട്ടുണ്ട്.
സംഭവത്തിൽ സായി അബുതാകിർ (18), പ്രകാശ് രാജ് (22), പൂബാലൻ (23), സഞ്ജയ് (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഓട്ടോറിക്ഷ പിടിച്ചെടുത്തതായും പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പോലീസ് വ്യക്തമാക്കി.















