കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ്. സ്ഥാനാര്‍ഥി ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിവിധ സ്റ്റേഷനുകളിൽ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസൻ ആണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ശിവദാസൻ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയാണെന്ന് പോലീസ് പറയുന്നു. ജോ ജോസഫിന്റെ പരാതിയിൽ തൃക്കാക്കര പോലീസാണ് പ്രതിയെ പിടികൂടിയത്.
പ്രതികൾ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ദൃശ്യങ്ങൾ അപ് ലോഡ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി മാത്രമായി വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ വിവിധ ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ച ശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
അശ്ലീല വീഡിയോ പ്രചരിപ്പിച്ചവർക്കെതിരേ നടപടിയാവശ്യപ്പെട്ട് ജോ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷണർക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. വീ ഡിയോ പ്രചാരണത്തിനെതിരേ ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്കലും രംഗത്തെത്തി. ക്രൂരമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് അവർ പ റഞ്ഞു.
















