പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എട്ടു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ മേയ് 30 മുതൽ ജൂൺ 15 വരെ മോദിയുടെ എട്ടു വർഷങ്ങൾ ബിജെപി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. ‘സേവനം, മികച്ച ഭരണനിർവഹണം, പാവങ്ങളുടെ ക്ഷേമം’ എന്നിവ മുൻനിർത്തിയാണ് ആഘോഷം.
2019ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവയിൽ 144 ലോക്സഭാ സീറ്റുകൾ തിരികെ പിടിക്കുക എന്ന ലക്ഷ്യവും ബിജെപിക്കുണ്ട് .ബുധനാഴ്ച പാർട്ടി കേന്ദ്ര ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച് വിശദമായ ബ്ലൂപ്രിന്റും തയാറാക്കിയെന്നാണു വിവരം.2024ലെ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നേടി അധികാരത്തിൽ വരാനാണ് ബിജെപിയുടെ പദ്ധതി.
ബിജെപി പരാജയപ്പെട്ട 144 മണ്ഡലങ്ങളിലും കേന്ദ്രമന്ത്രിമാരെ അയച്ച് സ്ഥിരമായി പൊതുയോഗങ്ങൾ വിളിച്ചുകൂട്ടി സർക്കാരിന്റെ പദ്ധതികളെയും വികസന നേട്ടങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം. ഓരോ പ്രാവശ്യവും മന്ത്രിമാർ ഇവിടം സന്ദർശിക്കുമ്പോൾ മൂന്നു ദിവസം മണ്ഡലത്തിൽ താമസിക്കുകയും വേണം.ബുധനാഴ്ച നടന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി നേതാവ് ജെ.പി. നഡ്ഡ എന്നിവരും പങ്കെടുത്തു.
















