മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജ് ജയിലിലേക്ക്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പിസി ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും. വഞ്ചിയൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ പി.സി. ജോർജ് തയാറായില്ല.
ഏത് വിധേനയും ജയിലില്‍ അടയ്ക്കാനാണ് പൊലീസിന്റെ നീക്കമെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.മതനിരപേക്ഷതയ്ക്ക് ഭംഗമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും സർക്കാർ അംഗീകരിക്കില്ലെന്നു ജോർജിന്റെ അറസ്റ്റിനു പിന്നാലെ മന്ത്രി പി.രാജീവ് പ്രതികരിച്ചു.
വെണ്ണല കേസിലെ ചോദ്യം ചെയ്യലിനു ശേഷമാണ് ജോര്‍ജിനെ ഫോര്‍ട്ട് പൊലീസിനു കൈമാറിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം പി.സി.ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് 153 എ, 295 എ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നു പി.സി.ജോര്‍ജിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.കൊച്ചിയില്‍ അറസ്റ്റ് ചെയ്ത പി.സി. ജോര്‍ജിനെ ബുധനാഴ്ച അര്‍ധരാത്രിയിലാണു പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചത്.
















