കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പി.സി.ജോർജിനെ വേട്ടയാടുന്നത് ഇരട്ടനീതിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
കുട്ടിയെ കൊണ്ട് മതവിദ്വേഷം പ്രചരിപ്പിച്ച പോപ്പുലർ ഫ്രണ്ടിനെ സർക്കാർ സംരക്ഷിക്കുന്നു. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒരു നീതിയും തീവ്രവാദികൾക്കു മറ്റൊരു നീതിയുമെന്നതാണ് കേരളത്തിലെ അവസ്ഥ.
പി.സി.ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ വേട്ടയാടുന്നത് തൃക്കാക്കരയിലെ 20% വോട്ടിന് വേണ്ടിയാണ്. യുഡിഎഫും അതിന് കൂട്ടുനിൽക്കുന്നു. ഭീകരർക്കു സംരക്ഷണവും സാധാരണക്കാരനു വേറൊരു നീതിയുമെന്ന ഇടതു നയത്തെ ബിജെപി അംഗീകരിക്കില്ല. പി.സി.ജോർജിനോടു സർക്കാർ വിവേചനം കാണിക്കുകയാണ്. വലിയതോതിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നയാളുകളെ സംരക്ഷിക്കുകയും പ്രസംഗത്തിന്റെ പേരിൽ മുതിർന്ന രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്യുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
















