നെടുമ്പാശ്ശേരി: ഹജ്ജ് തീർഥാടകരുടെ ആദ്യ പട്ടിക അനുസരിച്ച് നെടുമ്പാശ്ശേരിയിൽ നിന്നും 7156 പേർക്ക് ഇതുവരെ അവസരം ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു. നെടുമ്പാശ്ശേരിയിൽ ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിൽ 5393 പേർ കേരളത്തിൽ നിന്നാണ്. തമിഴ്നാട്ടിൽ നിന്നും 1434 പേർ, ലക്ഷദ്വീപിൽ നിന്നും 148, ആന്തമാനിൽ നിന്നും 113, പോണ്ടിച്ചേരിയിൽ നിന്നും 54 പേരും നെടുമ്പാശ്ശേരിയിൽ നിന്നാണ് യാത്രയാകുക.
നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിന്റെ പ്രവർത്തനം ഈ മാസം 31 ന് തുടങ്ങും. ജൂൺ മൂന്നിന് തീർഥാടകർ എത്തി തുടങ്ങും. നാലിന് രാവിലെ ഒൻപത് മണിക്കാണ് ആദ്യ ഹജ്ജ് വിമാനം യാത്രയാകുന്നത്. ഓരോ വിമാനത്തിലും 377 തീർത്ഥാടകർ വീതമാണുണ്ടാകുക
ഹജ്ജ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, അഡ്വ. മൊയ്തീൻ കുട്ടി, പി.ടി. അക്ബർ, ഡോ. ഐ.പി അബ്ദുൾ സലാം , എ. സഫർ ഖയാൽ , പി.പി.മുഹമ്മദ് റാഫി , കെ.കെ.ഷമീം, അനസ്ഹാജി, തുടങ്ങിയവർ സംബന്ധിച്ചു
തീർഥാടകർക്കുള്ള വാക്സിനേഷന് വിമാനത്താവളത്തിൽ സൗകര്യം ഒരുക്കും. കൂടാതെ തീർഥാടകരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് ഹജ്ജ് ക്യാംപിൽ വച്ച് നടത്തും. കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് കൈവശം കരുതണമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. മെനിഞ്ചൈറ്റിസ് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ്, പോളിയോ തുള്ളി മരുന്ന് എന്നിവയാണ് വിമാനത്താവളത്തിൽ നൽകുക. മുൻ കാലങ്ങളിൽ യാത്ര പുറപ്പെടുന്നതിന് ഒരു മാസത്തിനിടെ ജില്ലാ ആശുപത്രികളിലാണ് ഇതിന് വേണ്ട സൗകര്യം ഒരുക്കിയിരുന്നത്. ഇത്തവണ സമയക്കുറവ് കണക്കിലെടുത്താണ് ഇത് വിമാനത്താവളത്തിൽ വച്ച് നൽകാൻ തീരുമാനിച്ചത്.
















