കൊല്ലം: സ്ത്രീധനത്തിൻറെ പേരിൽ ഭർത്താവ് കിരൺകുമാർ കാട്ടിയ ക്രൂരതയാണ് വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിസ്മയ കേസ് വിധിന്യായത്തിൽ കൊല്ലം ഒന്നാംക്ലാസ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്ത് വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ വിവാഹ മാർക്കറ്റിൽ വലിയ വില കിട്ടുന്നയാളാണെന്ന് സ്വയം കരുതി. ഇത് ഗൗരവമുള്ള കാര്യമാണ്. ഭർത്താവിൻറെ സ്വകാര്യ സ്വത്തല്ല ഭാര്യ. അവർക്കും അവരുടേതായ അന്തസ്സും വ്യക്തിത്വവുമുണ്ട്.
ഭാര്യയെ സംരക്ഷിക്കാൻ ശേഷിയുണ്ടായിട്ടും ദ്രോഹിക്കാനാണ് കിരൺകുമാർ തീരുമാനിച്ചത്. സ്ത്രീധനമെന്ന വിപത്ത് വിസ്മയയുടെ എല്ലാ ആഗ്രഹങ്ങളും തകർത്തു. വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും അമൂല്യ സുഗന്ധമാണ് അവരുടെ സൽപ്പേര്. ആത്മാഭിമാനം നഷ്ടമായാൽ ജീവശ്വാസംതന്നെയാണ് ഇല്ലാതാകുന്നത്. അത്രയും വിലയില്ലാത്തവളാണോയെന്ന് വിസ്മയ ചോദിച്ചത് കോടതി ചൂണ്ടിക്കാട്ടി. എത്രമാത്രം ദുരിതമാണ് വിസ്മയ അനുഭവിച്ചതെന്ന് ആ വാക്കുകളിലുണ്ടെന്നും ഇനി നല്ലൊരു ഭാവിയില്ലെന്ന തോന്നൽ ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതമാക്കുകയായിരുന്നെന്നും വിധിന്യായത്തിൽ പറയുന്നു.
















