കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് വിജയ് ബാബുവിന്‍റെ അറസ്റ്റ് ഉടനില്ല. ദുബായിലുള്ള പ്രതിയെ നാട്ടിലെത്തിക്കുന്നതിൽ അവ്യക്ത തുടരുന്നതിനാൽ ഇന്‍റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസ് ശ്രമം.എന്നാൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നിന്ന് തീരുമാനം അറിഞ്ഞ ശേഷം തിരിച്ചെത്തിയാൽ മതിയെന്നാണ് വിജയ് ബാബുവിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ഹൈക്കോടതിയിൽ നിന്നേറ്റ പ്രഹരത്തിന് പിന്നാലെ വിജയ് ബാബു നാട്ടിൽ എത്തി കീഴടങ്ങുമെന്നായിരുന്നു കൊച്ചി പൊലീസിന്‍റെ കണക്കുകൂട്ടൽ.എന്നാൽ അതിനായി ഒരു നടപടികളും വിജയ് ബാബു ഇത് വരെയും തുടങ്ങിയിട്ടില്ല. നിലവിൽ ലുക്കൗട്ട് സർക്കുലർ നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിൽ എത്തിയാൽ എമിഗ്രേഷൻ വിഭാഗം പ്രതിയെ തടഞ്ഞ് വെച്ച് അറസ്റ്റ് ചെയ്യും. അതിനാൽ ദുബായിൽ കഴിയുന്ന വിജയ് ബാബു അറസ്റ്റ് ഒഴിവാക്കാനുള്ള പരമാവധി ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
















