കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗമാണ് പിന്മാറിയത്. ജസ്റ്റിസ് കൗസര്‍ ഇടപ്പഗം കേസ് പരിഗണിക്കരുതെന്ന ഒരു ആവശ്യം അതിജീവിത കോടതി മുന്‍പാകെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സ്വമേധയാ പിന്മാറുന്നത്.
കേസ് ജില്ലാ കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴായിരുന്നു നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത്. അന്ന് സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന വ്യക്തിയാണ് ജസ്റ്റിസ് കൗസര്‍ ഇടപ്പഗം എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം.
നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം.
കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു.
കേസിൽ ഈ മാസം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് മറയാക്കി, കൂടുതൽ സമയം ആവശ്യപ്പെടാതെ തിരക്കിട്ട് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസിൽ കാവ്യ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി നേരത്തെ തീരുമാനിച്ചിരുന്നു.
















