കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു ജോർജിയയിൽ നിന്ന് ദുബൈയിൽ തിരിച്ചെത്തി. ഇദ്ദേഹത്തെ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരും. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണിത്. ഇതിനുളള നടപടികൾ കൊച്ചി സിറ്റി പൊലീസ് തുടങ്ങി. വിജയ് ബാബുവിന്റെ നാളെ വൈകുന്നേരത്തിനകം കൊച്ചിയിലെത്തിക്കാൻ നീക്കം തുടങ്ങി. കൊച്ചി പൊലീസ് ദുബൈയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു.
വിജയ് ബാബു കേരളത്തിലെത്തിയിട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരാകാൻ തയ്യാറാണെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. ഹരജിക്കാരന്‍ ഇന്ത്യയിലുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ആദ്യം കേരളത്തിലെത്തണം. അതിന് ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി നിലപാടെടുത്തു. അതിന് സമ്മതമാണെന്നും യാത്രാടിക്കറ്റ് കോടതിയില്‍ അടുത്ത ദിവസം ഹാജരാക്കാമെന്നും അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് വ്യാഴാഴ്ച പരിഗണിക്കാനായി ഹരജി മാറ്റിയത്.
തിങ്കളാഴ്ച ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ 29-ന് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടര്‍ന്ന് വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോള്‍ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നല്‍കി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നുമാണ് വിജയ് ബാബു ജാമ്യഹര്‍ജിയില്‍ പറയുന്നത്. തന്റെ പുതിയ ചിത്രത്തില്‍ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നല്‍കിയതെന്നും ആരോപിക്കുന്നു.
അതിനിടെ, ചൊവ്വാഴ്ചയും ഹാജരായില്ലെങ്കില്‍ വിജയ് ബാബുവിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയും ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
















