മകള്‍ക്ക് നീതി കിട്ടിയെന്ന് വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. ഈ വിധി സമൂഹത്തിന് വേണ്ടിയാണ്. സ്തീധനം ആവശ്യപ്പെട്ട് ആരെങ്കിലും വന്നാല്‍ പെണ്‍കുട്ടിയെ കൊടുക്കാതിരിക്കുക. വിദ്യാഭ്യാസവും ജോലിയും ലഭിച്ചിട്ട് മാത്രം വിവാഹം കഴിപ്പിക്കുകയെന്നും വിസ്‍മയയുടെ അച്ഛന്‍ പറഞ്ഞു. വിവാഹം രണ്ടാമത്തെ ഘടകം മാത്രമാണ്. ആദ്യം വിദ്യാഭ്യാസം, പിന്നെ ജോലി, അതുകഴിഞ്ഞുമാത്രം കല്ല്യാണം. അനുഭവം കൊണ്ടാണ് പറയുന്നത്. കോടതിക്കകത്ത് ഇരുന്ന് നീറിയത് പോലെ ഒരു അച്ഛനും വരുത്തരുതെന്നാണ് പ്രാര്‍ത്ഥനയെന്നും വിസ്‍മയയുടെ അച്ഛന്‍ പറഞ്ഞു.
വിധിയില്‍ സന്തോഷമുണ്ടെന്ന് വിസ്‍മയയുടെ അമ്മ സജിതയും പറഞ്ഞു. മറ്റാര്‍ക്കും ഈ ഗതി വരരുത്. ഈ വിധി അതിന് ഉപകരിക്കട്ടെ. കിരണ്‍ കുമാറിന് പരമാവധി ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും വിസ്മയയുടെ അമ്മ പറഞ്ഞു.നിരവധി പേരുടെ പ്രാര്‍ത്ഥനയുടെ ഫലമെന്നായിരുന്നു സഹോദരന്‍ വിജിത്തിന്‍റെ പ്രതികരണം.
വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്നാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധിച്ചത്. . ശിക്ഷ നാളെ വിധിക്കും.കിരണിനെതിരെ ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നിവയാണ് കിരണ്‍ കുമാറിനെതിരെ തെളിഞ്ഞത്. ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവ. കിരണ്‍ കുമാറിന് ഏഴുവര്‍ഷത്തില്‍ കുറയാത്ത ജയില്‍ശിക്ഷ ഉറപ്പാണ്.
















