സ്ത്രീധന പീഡനത്തെത്തുടര്‍ന്നു ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലമേല്‍ സ്വദേശി വിസ്മയയുടെ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി.കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയാണു വിധി പറഞ്ഞത്. കിരണിന്റെ ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ തെളിഞ്ഞു. കിരണിന്റെ ജാമ്യവും കോടതി റദ്ദാക്കി. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ ഉള്‍പ്പെടെ വീട്ടിലിരുന്നാണ് വിധി കേട്ടത്.
വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തിയാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം വിധി പറയുന്നത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും 118 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു.
കൊല്ലത്ത് ഭർത്താവ് കിരണിന്റെ വീട്ടിൽ കഴിഞ്ഞ ജൂണ്‍ 21നു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാരീരികമായും മാനസികമായും വിസ്മയയെ കിരൺ പീഡിപ്പിച്ചു എന്നാണ് കേസ്.2020 മേയ് 30 നാണ് ഇവരുടെ വിവാഹം . കിരണിന്റെ പീഡനം മൂലം വിസ്മയ അച്ഛനോട് താന്‍ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിനു ശേഷം പ്രചരിച്ചതോടെയാണ് വിസ്മയയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതും കിരണ്‍ അറസ്റ്റിലായതും. പിന്നീട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥാനായ കിരണിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു.
















