ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയ കേസിൽ കൊല്ലം ഒന്നാം അഡീഷനണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. സ്ത്രീധനം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാറിന്‍റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്.
സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക എന്നീ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക എന്നീ വകുപ്പുകളുമാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. 42 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 120 രേഖകളിൽനിന്നും 12 മുതലുകളിൽനിന്നും കുറ്റകൃത്യങ്ങൾ പൂർണമായി തെളിഞ്ഞതായി വാദിച്ചിട്ടുണ്ട്.
2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ 2021 ജൂൺ 21 വിസ്മയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. ജൂൺ 22ന് തന്നെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലായി. അന്ന് തന്നെ കിരണിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 ജനുവരി 10ന് കേസിൽ വിചാരണ ആരംഭിച്ചു. 2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം നൽകി.
















