തിരുവനന്തപുരം: 2021 ലെ മികച്ച കഥ, നോവൽ, സംവിധാനം തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്മരാജൻ പുരസ്‌കാരം പ്രഖ്യാപിച്ചു. ‘ആണ്’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാർത്ഥ ശിവയ്ക്കും ആവാസവ്യൂഹം സംവിധാനം ചെയ്ത കൃഷാന്ദിനുമാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. 25000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ആവാസവ്യൂഹത്തിന്റെ പേരിൽ കൃഷാന്ദ് മികച്ച തിരക്കഥാകൃത്തായി. 15000 രൂപയും പ്രശസ്തിപത്രവും ശിൽപുമാണ് അവാർഡ്.
സാഹിത്യപുരസ്‌കാരങ്ങളിൽ മികച്ച നോവലിനുള്ള 20000 രൂപയുടെ അവാർഡ് 124 രചിച്ച വി.ഷിനിലാൽ നേടി. അംബീകാസുതൻ മങ്ങാടെഴുതിയ കാരകൂളിയന് മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 15000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ്. ബീനാ പോൾ ചെയർപഴ്‌സണും വിപിൻ മോഹൻ വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങൾ നിർണയിച്ചത്. ഡോ.വി രാജകൃഷ്ണന്റെ അധ്യക്ഷതയിൽ ഡോ പി.എസ് ശ്രീകലയും പ്രദീപ് പനങ്ങാടും ചേർന്ന ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങൾ നിശ്ചയിച്ചത്.അവാർഡുകൾ പിന്നീട് വിതരണം ചെയ്യുമെന്ന് പദ്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ ചന്ദ്രശേഖർ എന്നിവരറിയിച്ചു.
















