കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം എങ്ങുമെത്തിക്കാതെ ക്രൈംബ്രാഞ്ച് പാതിവഴിയിൽ അവസാനിപ്പിക്കുകയാണ്. അവസാനഘട്ടത്തിലെത്തിനിൽക്കെ തുടങ്ങിയ ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണമാണ് എങ്ങുമെത്താതെ നിർത്തുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേണത്തിന് അനുമതി നൽകിയത്. പക്ഷെ ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ മാത്രം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് അധിക കുറ്റപത്രം നൽകിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്താണ് ദിലീപിന്‍റെ വീട്ടിലെത്തിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മൊഴി. ഈ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമെത്തിയോ എന്ന് സ്ഥിരീകരിക്കാൻ പോലും കഴിയാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. സംഭവത്തിൽ ഗൂഡാലോചനയിൽ കാവ്യാ മാധവനും പങ്കാളിയാണെന്ന വിധത്തിലുളള ചില ശബ്ദ രേഖകളും പുറത്തുവന്നിരുന്നു.പക്ഷെ ചോദ്യം ചെയ്യലിൽ ”ഒന്നും ഓർമയില്ല, അറിയില്ല” എന്നാണ് കാവ്യ ഭൂരിഭാഗം ചോദ്യങ്ങൾക്കും മറുപടി നൽകിയത്. ദിലീപിന്‍റെ ശബ്ദ രേഖ കേൾപ്പിച്ചപ്പോൾപോലും ഇതാരുടെ ശബ്ദമാണ്, തനിക്ക് മനസിലായില്ലല്ലോ എന്നാണ് കാവ്യ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.
















