തിരുവനന്തപുരം: ഓൺലൈൻ ഗെയിം ആയ ഫ്രീഫയറിലൂടെ പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കരിക്കകം സ്വദേശി ഷാൻരാജ്(22), ബാലരാമപുരം ആർസി സ്ട്രീറ്റിൽ തോട്ടത്തുവിളാകം സ്വദേശി ജീവൻ(20) എന്നിവരാണ് കോവളത്ത് പിടിയിലായത്.
പെൺകുട്ടിയെ കാണാനില്ലെന്ന് ഈ മാസം 15ന് വീട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് കോവളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.ഒരു വർഷത്തിത്തിലധികമായി പെൺകുട്ടിയെ യുവാക്കൾ പീഡിപ്പിക്കുന്നതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. മുമ്പും പെൺകുട്ടി വീടുവിട്ടിരുന്നു. പ്രതികളിലൊരാളായ ജീവൻ ഫ്രീഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് അയാളുടെ വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്.
മറ്റൊരു പ്രതിയായ ഷാൻരാജ് ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഈ മാസം ഒമ്പതാം തീയതി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം കൂട്ടുകാരിയുടെ ശ്രീകാര്യത്തുള്ള വീട്ടിൽ ഉപേക്ഷിച്ച് ഇയാൾ മുങ്ങുകയായിരുന്നു. ഒരാഴ്ചയോളം ഷാൻരാജ് പീഡിപ്പിച്ചുവെന്നാണ് കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.