നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തി രണ്ടാം ജന്മദിനം.മലയാള സിനിമയെന്നാൽ മോഹൻലാൽ എന്ന് കൂടി ഓർമപ്പെടുത്തൽ നൽകുന്ന ആരാധകരുടെ പ്രിയപെട്ട ലാലേട്ടന് ഇന്നും നിത്യയൗവനം. 42 വര്‍ഷങ്ങള്‍, 400 റോളം സിനിമകള്‍, എത്രയോ താരോദയങ്ങളും അസ്തമയങ്ങളും കണ്ട ഇന്ത്യന്‍ സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല.

1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായിട്ടാണ് മോഹൻലാൽ ജനിച്ചത്. തിരുവനന്തപുരത്ത് മുടവൻമുഗളിലെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം.മോഹൻലാൽ എന്ന നടനെ രൂപപെടുത്തിയതിൽ സ്കൂൾ ജീവിതത്തിനും അവിടുത്തെ കൂട്ടുകാർക്കും വലിയ പങ്കുണ്ട്. തിരുവനന്തപുരം മോഡൽ സ്കൂളിലാണ് താരം തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ കാലഘട്ടത്തിൽ തന്നെ അഭിനയത്തോട് അഭിരുചി പ്രകടിപ്പിച്ച മോഹൻലാൽ സ്കൂൾ നാടകങ്ങളിലെയും മറ്റും നിറസാന്നിധ്യമായിരുന്നു. ആറാം ക്ലാസ്സിൽ പഠിക്കുകമ്പോഴാണ് സ്കൂൾ കലാമേളയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്.സ്കൂൾ കാലഘട്ടത്തിനു ശേഷം തിരുവനന്തപുരം എം ജി കോളേജിൽ ചേർന്നു .കോളേജിൽ സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഭാരത് സിനി ഗ്രൂപ്പ് എന്ന നിർമ്മാണകമ്പനിയുടെ ‘തിരനോട്ടം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്.എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ ചിത്രം റിലീസ് ചെയ്തില്ല. പിന്നീട് 1980ൽ പുറത്തിറങ്ങി 20 മത്തെ വയസിൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ മോഹൻലാൽ മലയാള സിനിമയിലേക്കുള്ള തന്റെ ജൈത്രയാത്ര തുടരുകയായിരുന്നു.

തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ.വില്ലന്‍ വേഷങ്ങളില്‍നിന്ന് സഹനായകനിലേക്കും, നായകസ്ഥാനത്തേക്കും തുടര്‍ന്നങ്ങോട്ട് സൂപ്പര്‍താര പദവിയിലേക്കുമുള്ള മോഹന്‍ലാലിന്റെ യാത്രയ്‌ക്കൊപ്പമാണ് മലയാള സിനിമ അതിന്റെ സുവര്‍ണഘട്ടം അടയാളപ്പെടുത്തിയത്.വില്ലനായി വന്ന ലാൽ പിന്നീട് നായകനായി മലയാളികളുടെ ലാലേട്ടനുമായി.

ചെയ്യാത്ത വേഷങ്ങളില്ല ,ഭാവങ്ങളില്ല ,ഏതു കഥാപാത്രത്തെയും തന്റെ ശൈലിയിൽ മികച്ചതാക്കാൻ കഴിവുള്ള നടൻ ,കണ്ണുകളിൽ വിരിയുന്ന അസാധാരണ ഭാവ പ്രകടനം കൊണ്ട് കഥപറയുന്ന അഭിനേതാവ് മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തിയ നടനാണ്.അഞ്ച് തവണ ദേശീയ പുരസ്‌കാരം, ഒമ്പത് തവണ സംസ്ഥാന പുരസ്‌കാരം. മലയാളസിനിമാ ബോക്‌സോഫീസിന്റെ ഉയരം ഇരുനൂറ് കോടി ക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങള്‍. പത്മഭൂഷനും പത്മശ്രീയും നേടിയ ഏക അഭിനേതാവ്. ടെറിറ്റോറിയല്‍ സേനയില്‍ ഓണററി ലെഫ്റ്റനന്റ് പദവി ലഭിക്കുന്ന ആദ്യ അഭിനേതാവ്. എണ്ണമറ്റ കാരുണ്യപ്രവൃത്തികളിലൂടെ കരുതലിന്റെ കൈ പിടിക്കുന്ന മനുഷ്യസ്നേഹി. വിശേഷണങ്ങൾക്ക് അതീതമാണ് മോഹൻലാൽ എന്ന മഹാസാഗരം.

മോഹൻലാലിൻറെ അവസാനമായി പുറത്തിറങ്ങിയ ചിത്രം 12th മാന്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ്. ഇപ്പോൾ 62 ആം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ തന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം.മലയാളികളുടെ അത്ഭുത പ്രതിഭ ”പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ”.

















