വെള്ളറട: വാഹന പരിശോധനക്കിടെ വെള്ളറടയിൽ പൊലീസിനെ ആക്രമിച്ച മൂന്നുപേർ പിടിയിൽ. കഴിഞ്ഞ ദിവസം വൈകീട്ട് ആനപ്പാറ കാരമൂടിന് സമീപമാണ് പൊലീസുകാർക്ക് മർദനമേറ്റത്.
ഇരുചക്ര വാഹനത്തിലെത്തിയ മൂന്നംഗ സംഘത്തിലെ മാറനല്ലൂർ കാവുവിള പുത്തൻവീട്ടിൽ റെനി ജോൺ (33), കാഞ്ഞിരംകോട് തൂവല്ലൂർകോണം കുളത്തുമ്മൽ വീട്ടിൽ നിതിൻ (28), കാട്ടാക്കട അയണിവിള കുളത്തുമ്മൽ വീട്ടിൽ ഷൈജു (37) എന്നിവരാണ് പിടിയിലായത്.
വാഹന പരിശോധനക്ക് മൂന്നംഗ പൊലീസ് സംഘമാണുണ്ടായിരുന്നത്. പരിശോധനക്ക് ശ്രമിക്കുമ്പോൾ വെട്ടിച്ചുകടക്കാൻ ഇവർ ശ്രമിച്ചെന്നും തുടർന്ന് നടന്ന സംഘർഷത്തിൽ പൊലീസുകാർക്ക് മർദനമേറ്റെന്നും പൊലീസ് പറഞ്ഞു.
തുടർന്ന് വെള്ളറട സ്‌റ്റേഷനിൽനിന്ന് കൂടുതൽ പൊലീസെത്തി ഇവരെ പിടികൂടുകയായിരുന്നു. പരിക്കേറ്റ പൊലീസുകാർ ആനപ്പാറ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
സർക്കിൾ ഇൻസ്പെക്ടർ മൃതുൽകുമാർ, എസ്.ഐ ഉണ്ണികൃഷ്ണൻ, ദീപു, ഷാജു, സി.പി.ഒമാരായ പ്രതീഷ്, സജിൻ, പ്രജീഷ്, അനീഷ്, പ്രഭലചന്ദ്രൻ എന്നിവരടങ്ങുന്ന സംഘം ബലപ്രയോഗത്തിലൂടെയാണ് സംഘത്തെ പിടികൂടിയത്. പ്രതികൾ മദ്യലഹരിയിലായിരുന്നു. പൊലീസ് ജീപ്പിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.
















