ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (BSNL), കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയവുമായി സഹകരിച്ച് മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം പിഎംജി ജങ്ഷന് സമീപമുള്ള ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ഓഫീസില്‍ നിന്നു തുടങ്ങി, അതേ കേന്ദ്രത്തില്‍ അവസാനിച്ച ആവേശകരമായ അഞ്ച് കിലോമീറ്റര്‍ മാരത്തോണില്‍ അറുനൂറോളം പേര്‍ പങ്കെടുത്തു.
പത്മശ്രീ – അര്‍ജുന പുരസ്‌കാര ജേതാവ് കെ.എം. ബീനാമോള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജിഎസ്ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ അനുകുമാരി ഐഎഎസും സഹകരണ സംഘം രജിസ്ട്രാര്‍ അനു എസ്. നായര്‍ ഐഎഎസും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
8-14 വയസ്സ് വിഭാഗത്തില്‍ നിഹാന്‍ മുഹമ്മദ് ഒന്നാം സ്ഥാനവും ജോയല്‍ ജോണ്‍ രണ്ടാം സ്ഥാനവും വിന്‍സണ്‍ റോയ് മൂന്നാം സ്ഥാനവും നേടി. 15-45 വയസ്സ് പുരുഷ വിഭാഗത്തില്‍ കരണ്‍ സിങ് ഒന്നാമതെത്തി. സെല്‍ജിന്‍ രണ്ടാമതും സോനാരം ഹെസ്സ മൂന്നാമതുമെത്തി. വനിതാ വിഭാഗത്തില്‍ രേഷ്മ ഗോമസ് ഒന്നാം സ്ഥാനവും റയാന്‍ എച്ച് രണ്ടാം സ്ഥാനവും ബബിത എസ് മൂന്നാം സ്ഥാനവും നേടി.
45 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ എസ്. നായര്‍ ഒന്നാമതെത്തിയപ്പോള്‍ ബിജു എസ്.എല്‍ രണ്ടാം സ്ഥാനവും ബെന്റോയ് എസ്.എസ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ സോയ സിയ ഒന്നാം സ്ഥാനവും രേവതി രണ്ടാം സ്ഥാനവും പ്രിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 2,000 രൂപയും സമ്മാനമായി നല്‍കി.
‘റണ്‍ ടുഗെതര്‍ വിത്ത് ഹമാരാ ബിഎസ്എന്‍എല്‍’ എന്ന സന്ദേശവുമായാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്. ശാരീരികക്ഷമത, ഐക്യം, സാമൂഹിക കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബിഎസ്എന്‍എല്ലിന്റെയും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും സഞ്ചാര്‍ സാഥി, കോള്‍ ബിഫോര്‍ യു ഡിഗ് (CBuD) സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും മാരത്തോണ്‍ ലക്ഷ്യമിടുന്നു.
ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സിജിഎം സജികുമാര്‍ ഐടിഎസ്, പി.ജി. നിര്‍മല്‍ ഐടിഎസ്, ജിതേന്ദ്ര പ്രകാശ് ഐടിഎസ്, രമേഷ് രാജ് ഐടിഎസ് എന്നിവര്‍ നേതൃത്വം നല്‍കി. വകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഡിഡിജി ഷാജി ടി.പി. ഐടിഎസിന്റെ നേതൃത്വത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സഹകരണവും പരിപാടിക്കു ലഭിച്ചു.
ബിഎസ്എന്‍എല്‍ എജിഎം മഞ്ജുഷ മേരി മാത്യു അധ്യക്ഷയായ സംഘാടക സമിതിയില്‍ ശ്രീജിത്ത് എസ്.വി. (എസ്ഡിഇ), ബിജു (ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍), സുനില്‍ ശിവന്‍, ശ്രീകേഷ്, എജിഎം അരവിന്ദ് എം. എന്നിവര്‍ അംഗങ്ങളായിരുന്നു.














