കൊച്ചി: ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ട നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രതിഭാഗം അഭിഭാഷകരുടെ തീരുമാനം.
അതേസമയം, ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നു. ഇന്ത്യയുമായി പിടികിട്ടാപ്പുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത രാജ്യമാണ് ജോർജിയ. ഇതു മനസ്സിലാക്കിയാണ് ജോർജിയയിലേക്ക് കടന്നതെന്നാണ് വിവരം.
ദുബായിൽ കഴിയുകയായിരുന്ന വിജയ് ബാബു ഈ മാസം 24ന് മടങ്ങിയെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. താനൊരു ബിസിനസ് ടൂറിലാണെന്നും നടൻ വ്യക്തമാക്കി. അതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദുബായിൽ നിന്നും നടൻ ജോർജ്ജിയയിലേക്ക് കടന്നിരിക്കുന്നത്.
പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സാഹയത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. മേയ് 24നകം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുമെന്നും കമ്മിഷണർ പറഞ്ഞു.
















