തിരുവനന്തപുരം: സിഐടിയു അടക്കമുള്ള സിപിഎം അനുകൂല യൂണിയനുകൾ ഗതാഗത മന്ത്രിക്കെതിരേ രംഗത്തെത്തിയതിനു പിന്നാലെ മന്ത്രി ആന്റണി രാജുവിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റേത് തികച്ചും ശരിയായ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ ശമ്പളം എല്ലാക്കാലത്തും സർക്കാരിനു പൂർണമായി നൽകാനാകില്ല. സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയ്ക്കു നികുതിപ്പണം ചെലവാക്കാൻ കഴിയില്ല. പൊതു മേഖലാ സ്ഥാപനത്തെ ശക്തിപ്പെടുത്താം, എന്നാൽ കെടുകാര്യസ്ഥതയെ ശക്തിപ്പെടുത്താനാകില്ല.
കെഎസ്ആർടിസിയെ കൈവിടുന്ന നിലപാടല്ല സർക്കാരിന്റേത്. കൃത്യമായി കാര്യങ്ങൾ നടക്കുന്നതിനു കെഎസ്ആർടിസിയിൽ പരിഷ്കാരം കൊണ്ടുവരണം. സുശീൽ ഖന്നയുടെ പഠന റിപ്പോർട്ട് പൂർണമായി സ്ഥാപനത്തിൽ നടപ്പിലാക്കിയിട്ടില്ല. യാഥാർഥ്യം മനസ്സിലാക്കിയുള്ള ഇടപെടലാണ് എല്ലാഭാഗത്തുനിന്നും വേണ്ടത്. ഘടനാപരമായ മാറ്റം സ്ഥാപനത്തിൽ വേണം. ട്രേഡ് യൂണിയനുകൾ കെഎസ്ആർടിസിയുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുശീൽഖന്ന റിപ്പോർട്ടിലെ വായ്പകൾ ഏകോപിപ്പിക്കുന്നതു മാത്രമാണു നടപ്പാക്കിയത്. അതു പോരാ. ഘടനാപരമായി പരിഷ്കാരങ്ങൾ വരണം. അതു നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
















