തിരുവനന്തപുരം: തനിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മലബാറിലും തിരുവിതാംകൂറിലും പട്ടിയും ചങ്ങലയും ഒന്നു തന്നെയാണെന്നും അതിൽ വ്യത്യാസമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അവിടെയും ഇവിടെയും പട്ടി പട്ടിയും ചങ്ങല ചങ്ങലയുമാണ്. അയാൾ, ഇയാൾ എന്നീ പദങ്ങൾ മാത്രമേ വ്യത്യാസമുള്ളു. ഇതിന് തിരുവിതാംകൂറിൽ ബഹുമാനക്കുറവുണ്ടെന്നു തോന്നാം. എന്നാൽ, മലബാറിൽ അങ്ങനെയല്ല.
സുധാകരന്റെ തനിയ്ക്കെതിരേയുള്ള പദപ്രയോഗം സമൂഹം വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർക്കെതിരെയും നിയമനടപടിയുമായി താൻ പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം കാര്യങ്ങൾക്കു കേസെടുക്കുന്നതിനോടു സർക്കാരിനു വലിയ താൽപര്യമില്ല. തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചതിന്റെയും ചില പരാതികൾ ലഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ ( സുധാകരന്റെ) സംസ്കാരമാണു പദപ്രയോഗം.
സുധാകരൻ നിരന്തരമായി ആക്ഷേപിക്കുന്നതിനു പിന്നിൽ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന് എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടാകാമെന്നായിരുന്നു പിണറായി വിജയന്റെ മറുപടി.
തൃക്കാക്കരയിൽ വോട്ടിനായി തൊടലു പട്ടിയെപ്പോലെ പിണറായി ഓടുകയാണെന്ന കെ. സുധാകരന്റെ പ്രയോഗം വിവാദമായിരുന്നു. ഇത് വിവാദമായതോടെ താൻ നാട്ടുഭാഷയിലെ ഒരു പ്രയോഗമാണ് പറഞ്ഞതെന്നും ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ പരാതിയിൽ സുധാകരനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു.
















