തൃശ്ശൂർ: ഏറെ കാത്തിരിപ്പിനൊടുവിൽ നടന്ന പൂരം വെടിക്കെട്ടോടെ തൃശ്ശൂർ പൂരത്തിന് ഔദ്യോഗികമായി സമാപനം. ശക്തമായ മഴയെ തുടർന്ന് ഒൻപത് ദിവസം കാത്തിരുന്ന ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് പുരം വെടിക്കെട്ട് ഒടുവിൽ നടന്നത്. മഴ മാറി നിന്ന ചെറിയ ഇടവേളയിൽ ജില്ലാ ഭരണകൂടം ഇടപെട്ട് വെടിക്കെട്ട് പെട്ടെന്ന് നടത്തുകയായിരുന്നു. അനിശ്ചിതമായി നീണ്ട വെടിക്കെട്ട്കഴിഞ്ഞതോടെ മഴയത്ത് കരിമരുന്നിന് കാവലിരുന്ന ദേവസ്വം അധികൃതർക്കും പൊലീസിനും ജില്ലാഭരണകൂടത്തിനും ആശ്വാസമായി.
ഉച്ചയ്ക്ക് രണ്ടു മണിയോടെ പാറമേക്കാവിൻ്റെ വെടിക്കെട്ടാണ് ആദ്യം നടന്നത്. തുടർന്ന് തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നു. തേക്കിൻ കാട് മൈതാനത്ത് വച്ചാണ് ഇരുകൂട്ടരും രണ്ടായിരം കിലോ വെടിമരുന്ന് ഉപയോഗിച്ചുള്ള വെടിക്കെട്ട് നടത്തിയത്.
















