കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയായ ദിലീപ് സാക്ഷികള്‍ക്കു പുറമേ വിചാരണക്കോടതിയെ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ഗുരുതരമായ വാദം ഉന്നയിച്ച് പ്രോസിക്യൂഷന്‍. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ നൽകിയത്. പ്രതിഭാഗം അഭിഭാഷകനും ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജും തമ്മിലുള്ള സംസാരമാണ് ഇതിൽ ഉള്ളത്.
പ്രതിഭാഗം വിചാരണക്കോടതിയെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയതിന്റെ തെളിവായി സുരാജിന്റെ ഫോണില്‍ കണ്ടെത്തിയ രണ്ട് ശബ്ദ സന്ദേശങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നൽകിയിരിക്കുന്നത്. ”ആദ്യമൊക്കെ മസില്‍ പിടിച്ചെങ്കിലും അവര്‍ കുറച്ചൊക്കെ അങ്ങോട്ട് അയഞ്ഞില്ലേ, അവസാനമായപ്പോ നല്ല വ്യത്യാസമായി..” എന്നു തുടങ്ങുന്ന സംസാരത്തില്‍ മുഴുവന്‍ വിചാരണക്കോടതിയെ എങ്ങനെയാണ് തന്ത്രപരമായി വശത്താക്കേണ്ടതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ സുരാജിനെ പറഞ്ഞു പഠിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ ഉയർത്തുന്ന വാദം.
















