തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ഏതാനും ദിവസമായി തുടർന്നു വന്ന കനത്ത മഴയ്ക്കു ശമനമായതോടെ അത്യന്തം കനത്ത മഴ പ്രവചിച്ചിരുന്ന മൂന്നു ജില്ലകളിലെ ഓറഞ്ച് അലർട്ട് രാത്രിയോടെ കേന്ദ്ര കാലാവസ്ഥ വകുപ്പു പിൻവലിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ വെള്ളിയാഴ്ചത്തെ ഓറഞ്ച് അലർട്ടാണു രാത്രി 8.30ന് ഇറക്കിയ ബുള്ളറ്റിനിൽ പിൻവലിച്ചത്.
ഇത് അടക്കമുള്ള ആറു ജില്ലകളിൽ വെള്ളിയാഴ്ച ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന യെല്ലോ അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യെല്ലോ അലർട്ട് തുടരും.
ശനിയാഴ്ചയും ഞായറാഴ്ച്ചയും ഏഴ് ജില്ലകളിലും 23നു 10 ജില്ലകളിലും യെല്ലോ അലർട്ട് കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും 22ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും യല്ലോ അലേർട്ട് പ്രഖ്യാപിച്ചപ്പോൾ 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്കിയിട്ടുള്ളത്.
കേരള തീരത്തുനിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കേരള ,ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
















