കൊച്ചി: സഹോദരൻറെ കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജേഷ്ഠന് ജീവപര്യന്തം തടവും പിഴയും. കൊച്ചി ചുള്ളിക്കൽ സ്വദേശി വാരിക്കാട്ട് വീട്ടിൽ ബാബുവിനെയാണ് (61) എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജി ശ്രീ സി. പ്രദീപ് കുമാർ ശിക്ഷിച്ചത്. 2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം .
കുടുംബവീട്ടിൽ താമസിക്കുന്നതിനെ സംബന്ധിച്ചും, വീട് വിൽക്കാൻ തടസ്സം നിൽക്കുന്നത് സംബന്ധിച്ചുമുള്ള വിരോധമാണ് ഇളയ സഹോദരനായ അഗസ്റ്റിൻ മിൽട്ടന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം ഒമ്പത് ദിവസം കഴിഞ്ഞാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. വീട്ടിൽ താമസിച്ചിരുന്ന മാനസിക അസ്വാസ്ഥ്യമുള്ള മാതാവും , മറ്റൊരു സഹോദരനും കൊലപാതകം അറിഞ്ഞിരുന്നില്ല.
ദ്യക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ള സാഹചര്യത്തെളിവുകൾ വിലയിരുത്തിയാണ് പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജീർണ്ണാവസ്ഥയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത് മരണകാരണം കണ്ടെത്തിയ ഫോറൻസിക് സർജനെയും , ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ള സാഹചര്യ തെളിവുകൾ ശേഖരിച്ച് കോടതി മുമ്പാകെ എത്തിച്ച അന്വേഷണ ഉദ്യോഗസ്ഥനെയും , കേസിൽ അതിസമർത്ഥമായി തെളിവുകൾ നിരത്തി പ്രതിയുടെ കുറ്റം തെളിയിച്ച പ്രോസിക്യൂഷനെയും കോടതി വിധി പ്രസ്താവത്തിൽ അഭിനന്ദിച്ചു.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ കാലഘട്ടത്തിൽ നെൽസൺ എന്ന മറ്റൊരു സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ മറ്റൊരു കോടതിയിൽ വിചാരണ നേരിട്ട് വരികയാണ്.പള്ളുരുത്തി സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ശ്രീ കെ ജി അനീഷാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതി മുമ്പാകെ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.ടി ജസ്റ്റിൻ ഹാജരായി. ദ്യക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും കേസിനെ വിജയത്തിലേക്ക് നയിച്ചത് പ്രോസിക്യൂഷൻ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.