കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. തൃശൂർ രണ്ട് സംഘങ്ങളും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ഓരോ സംഘങ്ങൾ വീതമാണ് വിന്യസിപ്പിക്കുക. കനത്ത മഴയെ തുടർന്ന് , എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കൂടുതൽ മേഘങ്ങൾ കേരള തീരത്തേക്ക് അടുക്കുകയാണ്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം കൂടിയതും കൂടുതൽ മഴമേഘങ്ങളെത്താൻ കാരണമാണ്. നിലവിൽ ചക്രവാതച്ചുഴി ബംഗ്ലൂരുവിന് മുകളിലേക്ക് മാറിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ വെള്ളക്കെട്ടുണ്ടായത് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
















