കാസർകോട്: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഫയർ ഫോഴ്സ്, പൊലീസ്, ഫോറസ്റ്റ് തുടങ്ങിയ വിഭാഗങ്ങൾ ഉപകരണങ്ങളും മറ്റും കരുതി സജ്ജമായിരിക്കാൻ നിർദേശം നൽകി. റോഡിൽ അപകടമുയർത്തുന്ന മരങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്ത്, വനം, റവന്യൂ വകുപ്പുകൾക്ക് നിർദേശം നൽകി. നിലവിൽ നീലേശ്വരത്താണ് ഫിഷറീസിന് ഒരു രക്ഷാബോട്ടുള്ളത്. കാസർകോട്ടേക്ക് ഒരു രക്ഷാബോട്ട് വാടകക്ക് എടുത്ത് പ്രവർത്തിപ്പിക്കാൻ ഫിഷറീസ് വകുപ്പിന് നിർദേശം നൽകി.
വിദഗ്ധ തൊഴിലാളികളെയും സിവിൽ ഡിഫൻസ് വളന്റിയർമാരെയും ഒരുക്കിനിർത്താൻ നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം തുറക്കും. റവന്യൂ, പഞ്ചായത്ത് വകുപ്പുകൾക്ക് പുനരധിവാസ ക്യാമ്പുകൾ സജ്ജീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തയാറാക്കണം. കടൽക്ഷോഭം തടയാൻ കൺട്രോൾ റൂം തുറക്കാൻ ഫിഷറീസ് വകുപ്പിന് നിർദേശം നൽകി. പുഴ, പുറമ്പോക്ക് പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ വില്ലേജ് ഓഫിസർക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നൽകി.
റോഡുകളിലെ വെള്ളക്കെട്ടും നിർമാണ പ്രവൃത്തികളും പൊതുജനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചു. വൈദ്യുതിതടസ്സം പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി കൺട്രോൾറൂം ക്വിക് റസ്പോൺസ് ടീം തുറന്നു. കൃഷി, മൃഗസംരക്ഷണ വകുപ്പുകളോട് മഴക്കെടുതി നേരിടാൻ സജ്ജമായിരിക്കണമെന്ന് നിർദേശം നൽകി.
















