ബംഗളൂരു: കർണാടക സർക്കാർ പ്രത്യേക ഓർഡിനൻസിലൂടെ പാസാക്കിയ മതപരിവർത്തന നിരോധന ബില്ലിന് അനുമതി നൽകി ഗവർണർ. കർണാടക റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജ്യൻ എന്ന പേരിലുള്ള ബില്ലിനാണ് കർണാടക ഗവർണർ തവാർചന്ദ് ഗെഹ്ലോട്ട് അനുമതി നല്‍കിയത്.
നിയമവിരുദ്ധമായ മതംമാറ്റം തടയാനെന്ന പേരിൽ അവതരിപ്പിച്ച ബിൽ 2021 ഡിസംബറിലാണ് കർണാടക നിയമസഭയിൽ പാസായിരുന്നു. എന്നാൽ, ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്ത നിയമസഭാ കൗൺസിലിൽ ബിൽ പാസാക്കാനായിരുന്നില്ല. തുടർന്നാണ് സഭാ സമ്മേളനം നീട്ടിവച്ചതു ചൂണ്ടിക്കാട്ടി പ്രത്യേക ഓർഡിനൻസിലൂടെ മേയ് 12ന് ബസവരാജ് ബൊമ്മൈ സർക്കാർ ബിൽ പാസാക്കിയത്. മന്ത്രിസഭാ യോഗം ചേർന്നായിരുന്നു ഓർഡിനൻസിന് അംഗീകാരം നൽകിയത്.
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് നിർബന്ധിത മതപരിവർത്തനം നിരോധിച്ചുകൊണ്ടുള്ള ബിൽ ഔദ്യോഗികമായി നിയമമായത്. ഓർഡിനൻസിലൂടെ ബിൽ പാസാക്കാൻ സർക്കാർ കാണിച്ച തിടുക്കം ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവർത്തനം നടത്തിയാൽ പത്തു വർഷം വരെ തടവും ഒരു ലക്ഷം വരെ പിഴയുമാണ് നിയമത്തിൽ പറയുന്ന ശിക്ഷ.