തൃശൂർ: ഓടിക്കൊണ്ടിരിക്കെ മംഗള എക്‌സ്പ്രസ്സിന്റെ എൻജിൻ ബോഗിയിൽ നിന്ന് വേർപ്പെട്ടു. എൻജിനും ബോഗിയും തമ്മിൽ ബന്ധിപ്പിക്കുന്ന കപ്ലിംഗ് ആണ് വേർപെട്ടത്.
തൃശൂർ പൂങ്കുന്നം റെയിൽവേ സ്‌റ്റേഷന് സമീപം വെച്ചാണ് സംഭവം. അറ്റകുറ്റപ്പണികൾക്ക് ശേഷം ട്രെയിൻ യാത്ര തുടർന്നു. ട്രെയിൻ വളരെ പതുക്കെയാണ് പോയതെന്നും അതിനാലാണ് വൻ ദുരന്തം ഒഴിവായതെന്നുമാണ് ലഭിക്കുന്ന വിവരം.
എറണാകുളം നിസ്സാമുദ്ദീൻ മംഗള എക്സ്പ്രസ് തൃശൂർ സ്റ്റേഷനിൽ നിന്ന് എടുത്തതിന് പിന്നാലെയാണ് ബോഗിയിൽ നിന്ന് വേർപെട്ട് എഞ്ചിൻ മുന്നോട്ടു പോയത്. മുപ്പത് മീറ്ററിലധികം വ്യത്യാസത്തിലാണ് എഞ്ചിൻ നിന്നത്.
വേഗത്തിൽ തന്നെ തൃശുർ / പൂങ്കുന്നം റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നായി ജീവനക്കാരെത്തി പതിനഞ്ച് മിനിട്ടിനുള്ളിൽ എഞ്ചിൻ ഘടിപ്പിച്ചു. സ്റ്റേഷനിൽ നിന്ന് വിട്ടയുടനെ ആയതിനാൽ വണ്ടിക്ക് വേഗം കുറവായിരുന്നു. അതു കൊണ്ടാണ് അപകടം ഒഴിവായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം ഡിവിഷൻ എഞ്ചിനിയർമാരുടെ സംഘത്തെ നിയോഗിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.