ചൈനയില്‍ 132 യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ദക്ഷിണ ചൈനയിലെ ഗുവാങ്സിയിലെ വനമേഖലയില്‍ മാര്‍ച്ച് 21നാണ് വിമാനം തകര്‍ന്നുവീണത്. ബ്ലാക്ക് ബോക്‌സില്‍ നിന്ന് ലഭിച്ച ഫ്‌ളൈറ്റ് ഡാറ്റയില്‍ കോക്ക്പിറ്റിലുള്ളവരില്‍ ഒരാള്‍ ബോധപൂര്‍വം അപകടമുണ്ടാക്കിയെന്നാണ് കണ്ടെത്തിയത്. 28 വര്‍ഷത്തിനിടെ ചൈനയില്‍ നടക്കുന്ന ഏറ്റവും വലിയ വിമാനാപകടമാണിത്.
ബോയിങ് 737 വിമാനമാണ് തകര്‍ന്നുവീണത്. അപകട സമയം വിമാനത്തില്‍ 132 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും മരിച്ചു. 29,000 അടി ഉയരത്തില്‍ സഞ്ചരിക്കുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്. മലനിരകളില്‍ ഇടിച്ചു തകരുന്നതിന് തൊട്ടുമുമ്പ് വിമാനം സഞ്ചരിച്ചത് ശബ്ദത്തിനോട് അടുത്ത വേഗതയിലായിരുന്നുവെന്നാണ് ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. 700 മൈല്‍ സ്പീഡിലായിരുന്നു വിമാനത്തിന്റെ സഞ്ചാരം.
എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്‌സ് തുടര്‍ച്ചയായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പൈലറ്റുമാര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ബ്ലാക്ക് ബോക്‌സ് ഫ്‌ളൈറ്റ് റെക്കോര്‍ഡുകള്‍ പരിശോധിച്ച യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.