കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാമ്പിളുകളിലും ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനാല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പരിശോധനയ്ക്ക് അയച്ച 30 സാമ്പിളുകളില്‍ 24 എണ്ണത്തിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യാനാണ് തീരുമാനം എടുത്തിരിക്കുന്നത്.
സ്കൂളുകള്‍, അങ്കണവാടികള്‍, കുടിവെള്ള വിതരണ പദ്ധതികള്‍, ഗവണ്‍മെന്‍റ് ഓഫീസുകള്‍ എന്നിവയിലെ കുടിവെള്ള സാമ്പിളുകള്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അഞ്ച് സാമ്പിളുകളില്‍ ഷിഗെല്ലയും 12 എണ്ണത്തില്‍ ഇ കോളിയും മൂന്നെണ്ണത്തില്‍ ഷിഗെല്ല, കോളിഫോം, ഇ കോളി എന്നിവയുടെ സംയുക്ത സാന്നിധ്യവുമാണ് കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഒരു സാമ്പിളില്‍ സാല്‍മണൊല്ല, ഷിഗല്ല, കോളിഫോം, ഇ കോളി എന്നീ നാല് ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.