വിസ അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കാര്‍ത്തി പി ചിദംബരത്തിന്റെ അടുത്ത അനുയായിയെ സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.കാര്‍ത്തി പി ചിദംബരത്തിന്റെ അടുത്ത അനുയായി ആയ എസ് ഭാസ്‌കര്‍ രാമനെ ചൊവ്വാഴ്ച രാത്രി വൈകി ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത് . വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കാര്‍ത്തിയുടെ വസതിയും ഉള്‍പ്പെടെ ചെന്നൈയും ഡല്‍ഹിയും അടക്കം ഏഴിടങ്ങളിലാണ് പരിശോധന നടന്നത്.
പി ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ, കാര്‍ത്തി ചിദംബരം പണം വാങ്ങി ചൈനീസ് പൗരന്‍മാര്‍ക്ക് വിസ ലഭ്യമാക്കുന്നതില്‍ ഇടപെട്ടു എന്നാണ് ആരോപണം. തല്‍വണ്ടി സാബോ പവര്‍ ലിമിറ്റഡ് പദ്ധതിക്കായി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി ചൈനീസ് തൊഴിലാളികള്‍ക്ക് വിസ നല്‍കിയതില്‍ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിനും പങ്കുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. റെയ്ഡ് നടന്നതിന്റെ കണക്കുകള്‍ തെറ്റിയെന്നും, എണ്ണം നോക്കിയാല്‍ ഇത് റെക്കോര്‍ഡ് ആവാന്‍ സാധ്യതയുണ്ടെന്നും സിബിഐ റെയ്ഡിനെ പരിഹസിച്ച് കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തിരുന്നു.
2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയ എന്ന കമ്പനി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ച കേസ് നിലനില്‍ക്കുന്നുണ്ട്.