നീലേശ്വരം: ഗൃഹപ്രവേശ ചടങ്ങിനിടയിൽ ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചോയ്യങ്കോടാണ് സംഭവം. ചോയ്യങ്കോടിനടുത്ത് വീട്ടിൽ ഞായറാഴ്ച നടന്ന ഗൃഹപ്രവേശത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഛർദിയും തലചുറ്റലും വന്നതോടെയാണ് ആളുകൾ വിവരമറിയുന്നത്.
കുടിവെള്ളവും ബിരിയാണിയും കഴിച്ചവർക്കാണ് കൂടുതലും ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അവശതകൾ ബാധിച്ചവരെല്ലാം ചോയ്യങ്കോട്ടും പരിസരത്തും താമസിക്കുന്നവരാണ്. കെ. ലക്ഷ്മി, പി. കാർത്യായനി, മിനി, വിനായകൻ, ശൈലജ, നിർമല, സുജിത, വിജയൻ, ശോഭന എന്നിവർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച നടന്ന ഗൃഹപ്രവേശ ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായാണ് ശാരീരിക വിഷമതകൾ അനുഭവപ്പെട്ടത്.
ബിരിയാണി അരി, കോഴി, കുടിവെള്ളം എന്നിവയിൽ ഏതെങ്കിലുമുള്ള ഭക്ഷണത്തിൽ നിന്നാണോ ഭക്ഷ്യവിഷബാധയേറ്റതെന്നാണ് കരുതുന്നത്. പഞ്ചായത്ത് ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചു.