മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നത് തടയണമെന്ന ആവശ്യവുമായി ഹര്‍ജി. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് പള്ളി നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം അഭിഭാഷകരും നിയമ വിദ്യാര്‍ത്ഥികളുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
കത്ര കേശവ ദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ പരിസരത്ത് ദേവന്റെ ജന്മസ്ഥലത്താണ് പള്ളി നിര്‍മ്മിച്ചതെന്ന അവകാശവാദവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു ഗ്രൂപ്പുകള്‍ മഥുര കോടതികളില്‍ നേരത്തെ പത്ത് വ്യത്യസ്ത ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഭഗവാന്‍ കൃഷ്ണന്‍ ജനിച്ചതെന്ന് ഭൂരിപക്ഷം ഹിന്ദു സമൂഹവും വിശ്വസിക്കുന്നുണ്ടെന്ന് പുതിയ ഹര്‍ജിയില്‍ പറയുന്നു.
ഒരു ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിക്കാരനായ അഭിഭാഷകന്റെ വാദം. മുസ്ലീം സമുദായം ഈ പള്ളി ഉപയോഗിക്കുന്നതില്‍ ‘സ്ഥിരമായ വിലക്ക്’ ഏര്‍പ്പെടുത്തണം, മറ്റൊരു മതത്തിന്റെയും അടയാളങ്ങളില്ലാത്ത, തര്‍ക്കമില്ലാത്ത ഭൂമിയില്‍ പള്ളി പണിയണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള മുന്‍ വ്യവസ്ഥകള്‍ പള്ളി പാലിക്കുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഹര്‍ജിയില്‍ മെയ് 25ന് വീണ്ടും വാദം കേള്‍ക്കുമെന്ന് ജില്ലാ ഗവണ്‍മെന്റ് കൗണ്‍സല്‍ അറിയിച്ചു.