തിരൂർ: ആലത്തിയൂരിലെ മൈനോറിറ്റി സിവിൽ സർവിസ് കോച്ചിങ് സെന്ററിൽ വാതിൽ പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ചയാളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂർ സ്വദേശി കടവത്ത് അസറുദ്ദീനാണ് (24) പിടിയിലായത്. കഴിഞ്ഞദിവസം പുലർച്ചയാണ് കോച്ചിങ് സെന്ററിന്റെ ഓഫിസ് വാതിൽ പൊളിച്ച് പ്രതി മോഷണത്തിന് ശ്രമം നടത്തിയത്. അലമാരയും ഷെൽഫും കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ചെങ്കിലും പണവും മറ്റു വിലപിടിപ്പുള്ളവയൊന്നും ഓഫിസിൽ സൂക്ഷിക്കാതിരുന്നതിൽ റശ്രമം പരാജയപ്പെടുകയായിരുന്നു.
കവർച്ചാശ്രമത്തിനും പതിനായിരം രൂപയോളം നാശനഷ്ടം വരുത്തിയതിനും പ്രിൻസിപ്പലിന്റെ പരാതിയിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൽ ജലീൽ കറുത്തേടത്ത്, എസ്.ഐ സനീത്, സിവിൽ പൊലീസ് ഓഫിസർമാരായ ഷിജിത്ത്, അക്ബർ, ഉണ്ണിക്കുട്ടൻ, ബിജി, രമ്യ എന്നിവരുൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.