തിരൂർ: സംസ്ഥാന സർക്കാറിൻറെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തിരൂരിൽ നടന്ന ‘എന്റെ കേരളം’ വിപണനമേള 47 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി റെക്കോഡ് നേട്ടം കൈവരിച്ചു. വിവിധ വകുപ്പുകളുടെ വിപണന സ്റ്റാളുകളും ഫുഡ്‌കോർട്ടുമാണ് നേട്ടം കൊയ്തത്. വിവിധ വകുപ്പുകളിലൂടെയും വ്യവസായ വകുപ്പിന്റെ വിവിധ സംരംഭക യൂനിറ്റുകളടക്കമുള്ള 100 വിപണന സ്റ്റാളുകളിലൂടെയും 25 ലക്ഷം രൂപയുടെ വരുമാനവും കുടുംബശ്രീയുടെ ഫുഡ് കോർട്ടിലൂടെ 15 ലക്ഷത്തിൻറെയും ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി ഫുഡ്‌കോർട്ടിൽ 3,60,000 രൂപയുടെയും മിൽമയുടെ ഔട്ട്‌ലറ്റിൽ 3.5 ലക്ഷം രൂപയുടെ വിൽപനയും നടന്നു.
35 ലക്ഷം രൂപയുടെ ഉൽപന്നങ്ങൾക്ക് ഇതിനകം ബുക്കിങ് നേടാനായി. ഇതിനുപുറമേ പാലിയേറ്റിവ്, പ്രതീക്ഷ ഭവൻ തുടങ്ങിയ വിവിധ യൂനിറ്റുകൾ ഒരുക്കിയ സ്റ്റാളുകളും റെക്കോഡ് വരുമാനം നേടി. വ്യവസായ വകുപ്പിന്റെ കീഴിലുള്ള 73 സംരംഭക യൂനിറ്റുകളും കുടുംബശ്രീയുടെ 15 യൂനിറ്റുകളും മറ്റ് വകുപ്പുകളുടെ സ്റ്റാളുകളുമാണ് മേളയിൽ പങ്കെടുത്തത്.
കുടുംബശ്രീയുടെ മുത്തൂസ് കാറ്ററിങ് യൂനിറ്റാണ് ഫുഡ്‌കോർട്ടിൽ കൂടുതൽ വരുമാനം നേടിയത്. അട്ടപ്പാടി ഊരുകളിൽനിന്നുള്ള വനസുന്ദരി ചിക്കൻ വിഭവവും എറണാകുളത്ത് നിന്നുള്ള ട്രാൻസ്ജെൻഡർ യുവതികൾ നടത്തിയ ലക്ഷ്യ ജ്യൂസ് സ്റ്റാളും തലക്കാട് പ്രവാസി യൂനിറ്റിന്റെ മലബാർ സ്‌നാക്‌സും കുടുംബശ്രീക്ക് കൂടുതൽ വിറ്റുവരവ് നേടികൊടുത്തു. ചിക്കൻ പൊട്ടിത്തെറിച്ചത്, കരിംജീരക കോഴി, നൈസ് പത്തിരി, പഴം നിറച്ചത്, കുഞ്ഞിത്തലയണ എന്നിവക്കൊപ്പം ഉന്നക്കായ, ചട്ടിപത്തിരി തുടങ്ങിയ മലബാർ സ്നാക്സ് ഇനങ്ങളടക്കം വൈവിധ്യമാർന്ന രുചിവിഭവങ്ങൾ ഒരുക്കിയാണ് കുടുംബശ്രീ ജനങ്ങളെ ആകർഷിച്ചത്. ഫിഷറീസ് വകുപ്പ് തീരമൈത്രിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ മത്സ്യവിഭവങ്ങൾ ഒരുക്കിയും ജനങ്ങളെ ആകർഷിച്ചു. കോവിഡ് മഹാമാരിക്കും ലോക്ഡൗണിനും ശേഷം പ്രതിസന്ധിയിലായ സംരംഭകർക്ക് പിന്തുണയും പ്രോത്സാഹനവുമായിരിക്കുകയാണ് മേള.