കൊല്ലം : പ്രതിസന്ധിയുടെ ആഴക്കടലിൽ പിടിച്ചു നിൽക്കാൻ കഴിയാതെ മത്സ്യബന്ധന ബോട്ടുകൾ പൊളിച്ചു വിൽക്കുന്നു. ജില്ലയിൽ 6 മാസത്തിനിടെ 200ലേറെ ബോട്ടുകൾ പൊളിച്ചു വിറ്റതായി കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറയുന്നു. 2000ൽ അധികം മത്സ്യബന്ധന തൊഴിലാളികൾക്കു ജോലി നഷ്ടമായി. അനുബന്ധ മേഖലയിലും തൊഴിൽ നഷ്ടം രൂക്ഷമാണ്. മറ്റു ജില്ലകളിലും സമാന സ്ഥിതിയാണ്. ഡീസൽ, വല, റോപ്, എൻജിൻ ഓയിൽ എന്നിവയുടെ വില കുതിച്ചുയർന്നതും മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതുമാണ് മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കിയത്.
2021 മാർച്ചിൽ 86.35 രൂപയായിരുന്നു ഡീസൽ വില. ഇപ്പോൾ 103 രൂപയിൽ കൂടുതലാണ്. വലിയ ബോട്ടുകൾ ഒരു യാത്രയ്ക്ക് 600–700 ലീറ്റർ ഡീസൽ ഉപയോഗിക്കും. ഇടത്തരം ബോട്ടുകൾക്ക് 300 ലീറ്ററും ചെറിയ ബോട്ടുകൾക്ക് 150 ലീറ്ററും ആണ് ഒരു തവണ വേണ്ടിവരുന്നത്. ഇന്ധനവില വർധനയിലൂടെ മാത്രം, ചെറിയ ബോട്ടുകൾക്ക് 68,000 രൂപയും വലിയ ബോട്ടുകൾക്ക് 3.02 ലക്ഷം (ട്രോളിങ് നിരോധന കാലം ഒഴിവാക്കിയാൽ ഒരു വർഷം 30 ലക്ഷത്തിലേറെ രൂപ) രൂപയുമാണ് കഴിഞ്ഞ വർഷത്തെക്കാൾ ഓരോ മാസവും അധിക ചെലവ്. വല ഒരു കിലോയ്ക്ക് 25 രൂപ വർധിച്ചു. വടത്തിനു 30 രൂപയാണ് കിലോയ്ക്കു വർധിച്ചത്.
ജില്ലയിൽ ആയിരത്തോളം മത്സ്യബന്ധന ബോട്ടുകളാണ് ഉള്ളത്. മത്സ്യബന്ധനത്തിന് ആഴ്ചയിൽ 2 മുതൽ 5 ലക്ഷം രൂപ വരെയാണ് ബോട്ടുകൾക്ക് ചെലവാകുന്നത്.