ദുബായ് : യുഎഇയിൽ പാർട്‌ടൈം തൊഴിലാളികൾക്കും വാർഷിക അവധിക്ക് അർഹതയെന്ന് മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലുടമയ്ക്കു കീഴിൽ ജോലിചെയ്ത കാലപരിധി പരിഗണിച്ചാണ് അവധിയും അനുബന്ധ ആനുകൂല്യങ്ങളും തീരുമാനിക്കുക. ജോലിയിൽ പ്രവേശിച്ച ശേഷമുള്ള മൊത്തം മണിക്കൂറുകൾ കണക്കാക്കിയാണു വാർഷിക അവധിദിനങ്ങൾ നിശ്ചയിക്കേണ്ടതെന്നും വ്യക്തമാക്കി.
എട്ടു മണിക്കൂറാണ് ഒരു ദിവസത്തെ പരമാവധി ജോലി സമയം. ഇതു പ്രകാരമാണ് വാർഷിക അവധി കണക്കാക്കുക. അവധിക്ക് പകരം പണം അലവൻസായി നൽകാനും വ്യവസ്ഥയുണ്ട്. വാർഷികാവധി ആ വർഷം എടുത്തില്ലെങ്കിൽ അടുത്ത വർഷത്തെ അവധിയോടൊപ്പം മുഴുവൻ ലഭിക്കില്ല.
മുൻ വർഷത്തെ അവധിയുടെ പകുതി മാത്രമേ ലഭിക്കൂ. സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശികൾക്കും വിദേശികൾക്കും ജോലി ചെയ്യാൻ 12 തരം വർക് പെർമിറ്റുകളാണ് നൽകുന്നത്.ഇതിൽ നിശ്ചിത സമയം, ദിവസം എന്നിവ നിശ്ചയിച്ചു തൊഴിൽ കരാർ രൂപപ്പെടുത്തി ജോലി ചെയ്യാവുന്നതാണ് പാർട്‌ടൈം പെർമിറ്റുകൾ. ഇതു ലഭിച്ചാൽ ഒരാൾക്ക് ഒന്നിലേറെ സ്ഥാപനങ്ങളിൽ സമയ, ദിവസ ക്രമമനുസരിച്ച് തൊഴിലെടുക്കാനാകും.