എറണാകുളം: തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്ത് പോയിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലല്ലോയെന്നും കൊച്ചി കണ്ടിട്ട് പോകട്ടെയെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം.
സർക്കാരിൻറെ കൈയിൽ പണമില്ലാതെ മന്ത്രിമാർ തിരുവനന്തപുരത്ത് പോയിട്ട് എന്തുചെയ്യാനാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ്റെ വിവാദ പരാമർശം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് കെ. സുധാകരന്‍ അത്തരം പരാമർശം നടത്തിയതെന്ന് അറിയില്ലെന്നും പരാമർശം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു വി.ഡി സതീശന്‍ പ്രതികരിച്ചത്.
അതിനിടെ, മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ പിന്തുണച്ചു ഉമ്മന്‍ചാണ്ടി. മാന്യത യു.ഡി.എഫിനെ പഠിപ്പിക്കേണ്ടെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ചങ്ങലപൊട്ടിച്ച് വന്ന നായയെപ്പോലെ മുഖ്യമന്ത്രി ഇറങ്ങി നടക്കുകയാണെന്നായിരുന്നു കെ. സുധാകരന്‍റെ പരാമര്‍ശം.