ഡൽഹിയിൽ 40 കോടി രൂപ വിലമതിക്കുന്ന 6.2 കിലോ ഹെറോയിനുമായി രണ്ടുപേർ അറസ്റ്റിൽ. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ആണ് ഇവരെ പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് കണ്ണികളിൽ അംഗങ്ങളായവരാണ് പിടിയിലായതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. രാകേഷ് കുമാർ എന്ന റോക്കി, നൈജീരിയൻ സ്വദേശിയായ ഒബുംമെനെ വാച്ചുകോ എന്നിവരാണ് പിടിയിലായത്.
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന നൈജീരിയൻ സ്വദേശിയിലൂടെ മയക്കുമരുന്ന് വൻതോതിൽ എത്തുന്നു എന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേതുടർന്ന് രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ് രണ്ടുമാസത്തെ നിരീക്ഷണത്തിനൊടുവിൽ പ്രതികളെ വലയിലാക്കിയത്. രാകേഷിനെ ആദ്യം പിടികൂടിയ അന്വേഷണം സംഘം ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒബുംമെനെയെ ഡൽഹിയിലെ വാടക വീട്ടിൽ നിന്ന് പിടികൂടി. ഒബുംമെനെയുടെ നിർദേശപ്രകാരം ഹരിയാനയിൽ മയക്കുമരുന്ന് വിതരണം ചെയ്യാറുണ്ടായിരുന്നുവെന്ന് രാകേഷ് മൊഴി നൽകിയിട്ടുണ്ട്.
നൈജീരിയൻ സ്വദേശി മയക്കുമരുന്ന് സിൻഡിക്കേറ്റിലെ സുപ്രധാന കണ്ണിയാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്തിന് നേരത്തെ ഒബുംമെനെ വാച്ചുകോ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് . 8 വർഷം ജയിലിൽ കഴിഞ്ഞ ഒബുംമെനെ 2020ൽ ആണ് പുറത്തിറങ്ങിയത്.
സംഘത്തിൽ കൂടുതൽ നൈജീരിയൻ സ്വദേശികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്