പ്ലാസ്റ്റിക് സർജറിയിലെ സങ്കീർണത മൂലം കന്നഡ നടി മരിച്ചു. കന്നഡ ടിവി സീരിയൽ നടി ചേതന രാജ് ആണ് മരണപ്പെട്ടത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറിക്കായി ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർജറിയിലെ സങ്കീർണത കാരണം ശ്വാസകോശത്തിൽ ഫ്ല്യൂയിഡ് അടിഞ്ഞുകൂടുകയായിരുന്നു. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും മരണപ്പെട്ടു. ഡോക്ടർമാരുടെ അനാസ്ഥയാണ് മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാണിച്ച് നടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു.
ബെംഗളൂരുവിലെ ഷെട്ടീസ് കോസ്മെസ്റ്റിക് സെൻ്ററിലാണ് നടി പ്ലാസ്റ്റിക് സർജറിക്കായി പോയത്. സർജറി വിജയകരമായിരുന്നില്ല. സർജറി ചെയ്ത ഡോക്ടർമാർ വൈകിട്ട് അഞ്ചരയോടെ നടിയെ കാഡെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഹൃദയാഘാതം ഉണ്ടായ രോഗിയെപ്പോലെ നടിയെ ചികിത്സിക്കണമെന്ന് അവർ ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി. 45 മിനിട്ടോളം സിപിആർ ഉൾപ്പെടെ നടത്തിയെങ്കിലും നടിയെ രക്ഷിക്കാനായില്ല. തുടർന്ന് കാഡെ ആശുപത്രിയിലെ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിച്ചു. ചേതന മരണപ്പെട്ടു എന്നറിഞ്ഞിട്ടാണ് ഷെട്ടീസ് കോസ്മെസ്റ്റിക് സെൻ്ററിലെ ഡോക്ടർമാർ നടിയെ കൊണ്ടുവന്നതെന്നും ഇവർ പൊലീസിനു വിവരം നൽകി.