മയക്കുമരുന്ന സംഘങ്ങൾ ടർഫുകൾ കേന്ദ്രീകരിച്ച് സജീവമാകാൻ ഇടയുണ്ടെന്ന സൂചനകളെ തുടർന്ന് ടർഫുകളിൽ നിരീക്ഷണവും ബോധവത്കരണവും സജീവമാക്കാൻ എക്സെെസ്. തൃശൂർ ജില്ല കേന്ദ്രീകരിച്ചാണ് എക്സെെസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നീക്കം. ഇതുസംബന്ധിച്ച് തൃശൂർ എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ കെ. പ്രേംകൃഷ്ണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
എക്സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ റെയ്ഞ്ച് അടിസ്ഥാനത്തിൽ പ്രവർത്തനം ഏകോപിപ്പിക്കാനാണ് നിർദ്ദേശം. മയക്കുമരുന്നിൻ്റെ വിപണന സാദ്ധ്യതയും നേരിടാനുള്ള നിർദ്ദേശങ്ങളും ടർഫ് ഉടമകളിൽ നിന്ന് ശേഖരിക്കണമെന്നും എക്സൈസ് വകുപ്പിൻ്റെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. വളരെ വിപുമായ പദ്ധതിയാണ് ഇതുസംബന്ധിച്ച് എക്സെെസ് ഡിപ്പാർട്ട്മെൻ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
ടർഫ് ഗ്രൗണ്ടുകൾ കൂടുതലായി വരികയും കുട്ടികൾ അടക്കമുള്ളവർ ഇവിടെയെത്തുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയ കടന്നുവരാനുള്ള സാദ്ധ്യത മുന്നിൽകണ്ടാണ് എക്സൈസ് വകുപ്പ് ബോധവത്കരണവുമായി എത്തുന്നത്. കൗമാരക്കാരെ ലക്ഷ്യമിട്ടെത്തുന്ന മയക്കുമരുന്ന് സംഘങ്ങൾക്ക് ടർഫുകൾ എളുപ്പമുള്ള മാർഗ്ഗമാണെന്നും എക്സെെസ് വകുപ്പ് കരുതുന്നു. ഇത്തരം സംഘങ്ങളെ അകറ്റി നിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് എക്സൈസിന്റെ ബോധവത്കരണം ശക്തപ്പെടുത്തുന്നത്.
ടർഫുകളിൽ കൂടുതലും എത്തുന്ന കൗമാരക്കാരാണ്. ഇവരെ കഞ്ചാവ് മയക്കുമരുന്നു മാഫിയ ലക്ഷ്യമിടുന്നതായുള്ള രഹസ്യ റിപ്പോർട്ടുകളും എത്തിക്കഴിഞ്ഞു. ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങളെ ആരംഭത്തിൽ തന്നെ അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് വിമുക്തിയുടെ നേതൃത്വത്തിൽ ബോധവത്കരണം സംഘടിപ്പിക്കുന്നത്. ടർഫ് ഉടമകളെയും നടത്തിപ്പുകാരെയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് എക്സെെസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നീക്കം.
റെയ്ഞ്ച് അടിസ്ഥാനത്തിൽ ടർഫ് ഉടകളുടെയും നടത്തിപ്പുകാരുടെയും യോഗം വിളിച്ച് കമ്മിറ്റി രൂപീകരിക്കും . ഈ കമ്മിറ്റിയിൽ ടർഫ് ഉടമകളുടെ പ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും അംഗങ്ങളാകും. രണ്ട് മാസത്തിലൊരിക്കൽ കമ്മിറ്റിയോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തണമെന്നാണ് നിർദ്ദേശം.ടർഫ് ഉമകളെ ചേർത്ത് വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കണമെന്നും അതുവഴി ടർഫുകളിൽ വിമുക്തി സന്ദേശങ്ങൾ എത്തിക്കുകയും ആഴ്ചയിലൊരിക്കൽ പ്രിവൻ്റീവ് ഓഫീസർമാർ ടർഫുകൾ സന്ദർശിക്കുകയും ചെയ്യണമശന്നും നിർദ്ദേശത്തിൽ പറയുന്നു. ടർഫ് ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ ഇത്തരക്കാർ കടന്നു വരാനുള്ള സാഹചര്യം ആരംഭത്തിലെ തടയുകയാണ് എക്സൈസ് വകുപ്പിന്റെ ലക്ഷ്യം .