വ്ളോഗര്‍ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് റിപ്പോര്‍ട്ട്.റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടര്‍ന്ന്, രണ്ടുമാസത്തിന് ശേഷം പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധന്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
മാര്‍ച്ച് ഒന്നിനാണ് ദുബൈയിലെ ഫ്ലാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍വച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവുചെയ്യുകയായിരുന്നു. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത കുടുംബാംഗങ്ങള്‍ക്ക് സംശയങ്ങൾക്കിടയാക്കി.
റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.