ഇരിട്ടി: നീണ്ട വർഷത്തെ മുറവിളിക്കുശേഷം ഗൈനകോളജി വിഭാഗം ആരംഭിച്ച് ഇരിട്ടി താലൂക്ക് ആശുപത്രി മലയോര ജനതക്ക് ഏറെ പ്രതീക്ഷ നൽകിയെങ്കിലും മൂന്ന് ഡോക്ടർമാരുടെ പെട്ടെന്നുള്ള സ്ഥലംമാറ്റം മൂലം ആശുപത്രിയുടെ താളംതെറ്റുന്നു. കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുന്നതിന് ഇരിട്ടി നഗരസഭയും ആശുപത്രി വികസന സമിതിയും നടത്തുന്ന ശ്രമങ്ങളെ ഇല്ലാതാക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കോടികൾ മുടക്കി ബഹുനില കെട്ടിടങ്ങൾ നിർമിച്ച് ഒരുവർഷത്തിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് താലൂക്ക് ആശുപത്രിയിൽ ഗൈനകോളജി ഒ.പിയും ഐ.പിയും കഴിഞ്ഞ ദിവസം ആരംഭിച്ചത്.
പ്രസവം ഉൾപ്പെടെ നടത്തുന്നതിന് ഗൈനകോളജി വിഭാഗം 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിന് രണ്ട് ഡോക്ടർമാരുടെ സേവനംകൂടി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിനിടെയാണ് മൂന്ന് ഡോക്ടർമാർക്ക് സ്ഥലംമാറ്റം. ഏറെ അത്യാവശ്യമായ ശിശുരോഗം, ദന്തരോഗം, നേത്രരോഗ വിഭാഗങ്ങളിലാണ് ഡോക്ടർമാർ ഇല്ലാതായത്. മൂന്നുപേരെയും കഴിഞ്ഞ ദിവസമാണ് സ്ഥലം മാറ്റിയത്.
ശിശുരോഗ വിഭാഗത്തിലും നേത്രരോഗ വിഭാഗത്തിലുമായി രണ്ടുപേരെ നിയമിച്ചെങ്കിലും ഇരുവരും ചുമതലയേറ്റിട്ടില്ല. ദന്തരോഗ വിഭാഗത്തിൽ പകരം നിയമനംപോലും ഇല്ലാതെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.