തൃക്കാക്കര: ട്വൻറി ട്വൻറി- ആം ആദ്മി രാഷ്ട്രീയ സഖ്യത്തെ കുറിച്ചാണ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞതെന്ന് സി.പി.എം നേതാവ് എം. സ്വരാജ്. കേരളം പിടിക്കാൻ പോകുന്നുവെന്ന സഖ്യത്തിൻറെ അവകാശവാദത്തെയും നയങ്ങളെയും കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നും സ്വരാജ് വ്യക്തമാക്കി.
അഴിമതി വിരുദ്ധ നിലപാടുള്ളവർക്കും വികസനത്തെ പിന്തുണക്കുന്നവർക്കും ഇടതുപക്ഷത്തിന് വോട്ട് ചെയ്യേണ്ടിവരും. സമൂഹത്തിലെ വ്യത്യസ്ത വിഭാഗക്കാർ ഇടത് സ്ഥാനാർഥിയെ സ്വീകരിക്കാൻ സാധിക്കുമെന്ന് സ്വരാജ് പറഞ്ഞു.
കേരളം പിടിക്കുമെന്ന ട്വൻറി ട്വൻറി- ആം ആദ്മി സഖ്യത്തിൻറെ അവകാശവാദത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും എം. സ്വരാജ് വ്യക്തമാക്കി.
ട്വൻറി ട്വൻറി പാർട്ടിയും ആം ആദ്മി പാർട്ടിയും ബൂർഷ്വാസിയുടെ രണ്ടാം മുഖമാണെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. ബൂർഷ്വാസിയുടെ ഒന്നാം മുഖമായി വരുന്നത് കോൺഗ്രസ് ആണ്. കേരളത്തിൽ ഭരണം പിടിക്കാമെന്ന അവരുടെ സ്വപ്നം നടപ്പാകില്ല. മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ നീക്കം കേരളത്തിൽ വിലപ്പോകില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.