ചെറുപുഴ: നിർമാണത്തിലിരിക്കുന്ന കിണറ്റിലിറങ്ങിയ വിദ്യാർഥി തിരിച്ചുകയറാനാവാതെ കുടുങ്ങി. കാനംവയൽ ചേനാട്ട് കൊല്ലിയിലെ വല്ലൂർ ബിനുവിന്റെ മകൻ അലൻ ബിനുവാണ് (13) കിണറ്റിൽ അകപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. 30 അടി ആഴമുള്ള കിണറിന്റെ ഒരുവശത്ത് തട്ടുകളായി തിരിച്ചിരുന്ന ഭാഗത്തുകൂടി കിണറ്റിലിറങ്ങിയ കുട്ടി അടിയിലെത്താറായപ്പോൾ ഏണിയിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു. കാലിന് പരിക്കേറ്റതിനാൽ തിരിച്ചുകയറാനാവാതെ വന്നു. ഈ സമയം അതുവഴി വന്ന മാധ്യമപ്രവർത്തകരെയും ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, സ്ഥിരം സമിതി ചെയർമാൻ കെ.കെ. ജോയി എന്നിവരെയും വീട്ടുകാർ വിവരമറിയിച്ചു.
മധു കരേള, അനീഷ് പറപ്പള്ളിൽ എന്നിവർ കിണറ്റിലിറങ്ങി കുട്ടിക്ക് ധൈര്യം പകർന്നു. തുടർന്നു പെരിങ്ങോം അഗ്നിരക്ഷസേന കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.