തിരൂർ: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കലാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷ പരിപാടി നടക്കുന്ന തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചെറിയമുണ്ടം പഞ്ചായത്തിലെ പരന്നേക്കോട് കോളനിയിലെ 67 കുടുംബങ്ങൾക്കുള്ള പട്ടയവിതരണത്തിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.
‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന മുദ്രാവാക്യത്തിലൂന്നിയാണ് റവന്യൂ വകുപ്പ് മുന്നോട്ടുപോവുന്നത്. ഏറ്റവും കൂടുതൽ ഭൂരഹിതരെ ഭൂമിയുടെ ഉടമകളാക്കി ജില്ല മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. സംസ്ഥാന സർക്കാറിന്റെ ആദ്യ നൂറു ദിനത്തിനുള്ളിൽ 2061 കുടുംബങ്ങൾക്കും ഒരുവർഷം പൂർത്തിയാകുന്ന വേളയിൽ 10,136 കുടുംബങ്ങൾക്കും പട്ടയം നൽകാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും എം.എൽ.എമാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്ത് ഭൂരഹിതരുടെ വിവരങ്ങളടങ്ങിയ പട്ടയ ഡാഷ് ബോർഡ് രൂപവത്കരിച്ച് ജനങ്ങളിലേക്കിറങ്ങിച്ചെന്നാണ് സർക്കാർ മുന്നോട്ടുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു. കായിക മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. 67 കുടുംബങ്ങളും മന്ത്രി വി. അബ്ദുറഹ്മാനിൽനിന്ന് പട്ടയങ്ങൾ ഏറ്റുവാങ്ങി. ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ സ്വാഗതം പറഞ്ഞു.